Sunday, October 31, 2010

അച്ഛനെവിടെ...?

0


എന്നോ മയക്കത്തിലുള്‍ക്കാമ്പു തേങ്ങിയോ
കുഞ്ഞായ്‌പ്പിറക്കാന്‍ കൊതിച്ചു ഞാന്‍ നിന്നുവോ
കണ്ണീര്‍ക്കിനാവായ്‌ കരള്‍ക്കാമ്പിലൂറിയോ
നിന്നോര്‍മ്മ തന്‍ വെറും സങ്കല്പരൂപങ്ങള്‍

നീര്‍പ്പാലകള്‍ പൂത്ത പാതയോരങ്ങളില്‍
പുല്‍നാമ്പുകള്‍ കാറ്റിലാടും വരമ്പിലും
മുള്‍ക്കാടു തങ്ങിടും പാറയിടുക്കിലും
കാതരയായ്‌ നിന്‍ വിരല്‍ത്തുമ്പു തേടി ഞാന്‍

കാല്‍പ്പാടു കാണാതെ പൊള്ളും നിരത്തിലും
കാലൊച്ച കേള്‍ക്കാത്തിടനാഴി വക്കിലും
ചുറ്റും ചിരിക്കാത്ത കണ്‍കള്‍ക്കു മുന്നിലും
സാന്ത്വനമായ്‌ നിന്റെ കൈത്തണ്ട തേടി ഞാന്‍


തിങ്ങിപ്പിളര്‍ക്കാന്‍ വിതുമ്പും വിഷാദവും
നീര്‍ച്ചാല്‍ പതിക്കും കപോലതടങ്ങളും
നെഞ്ചില്‍ പിടയ്ക്കും മഹാമൗനവും നിന്റെ
കുഞ്ഞുതലോടലിന്നായ്‌ കാത്തിരുന്നതും...

നീരറ്റ ഭൂമിയില്‍ നീര്‍പ്രവാഹം പോലെ
കാര്‍മേഘജാലത്തിലേകതാരം പോലെ
വിങ്ങുന്ന വേദനയ്ക്കാശ്വാസമന്ത്രമായ്‌
നീയെത്തിടാനായ്‌ ഞാന്‍ കാത്തിരുന്നതും...

കാണും മുഖങ്ങളില്‍, കാല്‍നഖവെണ്മയില്‍,
നീളുന്ന നോട്ടത്തില്‍, രോമകൂപങ്ങളില്‍,
മങ്ങിത്തെളിഞ്ഞിടും മന്ദഹാസങ്ങളില്‍
നിന്‍ ഭാവമേതെന്നറിയാതിരുന്നതും...

കൊഞ്ചിപ്പുണര്‍ന്നു മടിത്തട്ടിലേറിടാന്‍,
വിമ്മിക്കരഞ്ഞു നെഞ്ചില്‍ മുഖം പൂഴ്ത്തുവാന്‍,
മൂര്‍ദ്ധാവിലിത്തിരി സ്നേഹം നുകര്‍ന്നിടാന്‍,
എത്താത്തതെന്തെ? - യെന്നെന്നിലായ്‌ ചൊല്ലിയും...

കൈപിടിച്ചുള്ളിലെ  ദു:ഖങ്ങളും മോഹ -
ഭംഗങ്ങളും പാദസത്രത്തിനുള്ളിലായ്‌
കൈവിടാന്‍, വര്‍ഷമായ്‌ പെയ്തൊഴിഞ്ഞീടുവാന്‍
എന്തേ വരാത്തതെന്നോര്‍മ്മയില്‍ തേടിയും...

ആ മുഖം, സ്പര്‍ശവും സാന്ത്വനഭാവവും
ശാസിക്കുമാര്‍ദ്രമാം കാരുണ്യകാന്തിയും...
കണ്ടെത്തുമോ പിതൃവാല്‍സല്യഭാവമേ,
കൈകാല്‍ കുഴഞ്ഞു ഞാന്‍ വീഴുന്ന നാളിലും ?

(17.07.1996)

മറന്നത്

0
(Photo by Amal)

പ്രണയം പെയ്തൊഴിഞ്ഞപ്പോള്‍
അവള്‍ പറഞ്ഞിരുന്നു -
"നനവുകള്‍ വറ്റുമ്പോഴും
ഞാന്‍ നിന്നെ മറക്കില്ല ... "

ഞാനന്ന് മൂളി ...
മനസ്സ്‌ പറഞ്ഞു -
ഞാനവളെ  ഓര്‍ക്കില്ലെന്ന് ...

ഇരുപതാണ്ടിനിപ്പുറം
തീവണ്ടിമുറിയില്‍
അവളും കുടുംബവും ...

എതിരെയിരുന്നത്
ഒന്നു കാണാന്‍ ...
കാലത്തിന്റെ കൈപ്പാടുകള്‍
കണ്ടറിയാന്‍ ...

അവളെന്നെ നോക്കി,
-- ഞാനൊരപരിചിതന്‍ ...!!!
ഞാനവളെ നോക്കി,
--  മറക്കാന്‍ കഴിയാതെ
ജീവിതം കളഞ്ഞവന്‍ ...!!!

(24.05.2010)

Wednesday, October 20, 2010

മനസ്സു പകുത്തപ്പോള്‍

1

മനസ്സു പകുത്തപ്പോള്‍
കുറഞ്ഞുപോയത്
നിനക്കെന്നു ഞാനും
എനിക്കെന്നു നീയും


(20.10.2010)

അവള്‍

2

നിലാവില്ലാത്ത രാത്രി;
വാകമരച്ചുവട്ടില്‍ കാത്തു നില്‍ക്കുമെന്നവള്‍ പറഞ്ഞു.....
തുടിക്കുന്ന ഹൃദയവും വിറയ്ക്കുന്ന കാലടികളുമായി
നിഴലുകളെ ചേര്‍ന്ന് നടന്നു....
മടിയില്‍ കിടത്തി അവള്‍ തലോടിയപ്പോള്‍;
കണ്ണുകളടഞ്ഞു പോയി.
ഉണര്‍ന്നപ്പോള്‍;
ഉടുമുണ്ട് പുതച്ചിട്ടുണ്ടായിരുന്നു
നെഞ്ചില്‍ നഖപ്പാടുകളും !
പ്രണയം ചോര്‍ന്നു പോയിരുന്നത്.... 
കരിയിലകളിലേയ്ക്ക്.
പിന്നീടവളെ കണ്ടില്ല !
ഇന്നലെ;
യുവാവായ എന്റെ മകനോടൊപ്പം 
എന്റെ വീട്ടില്‍ 
അവന്റെ മുറിയിലേയ്ക്ക് കയറിപ്പോയത് 
അവള്‍ തന്നെയായിരുന്നു....

(20.10.2010)

Sunday, October 17, 2010

പ്രണയം

3

പ്രണയം....
...പറയുമ്പോള്‍ വാക്കുകള്‍ തികയാത്തത്...
...എഴുതുമ്പോള്‍ അക്ഷരം പറയാത്തത്...
...നോക്കുമ്പോള്‍ നെഞ്ചിടം പിടയുന്നത്...
...മെല്ലെത്തൊടുമ്പൊഴോ പൊള്ളുന്നത്...


(16.10.2010)

മാനം കാണാത്ത പീലി

0


മയില്‍പ്പീലിക്ക് ഒറ്റക്കണ്ണ്

മാനത്ത് മഴക്കാറുകള്‍
പീലി കരഞ്ഞില്ല
മാനത്ത് മഴമേഘങ്ങള്‍
പീലി ചിരിച്ചില്ല
വെയില്‍ താണപ്പോള്‍
പീലി കളിച്ചില്ല
പീലിക്ക് ഒരൊറ്റക്കണ്ണ്

കറുപ്പും നീലയും മാറി
ചുവപ്പായത് പീലിനിറം
മണിനാദം കേട്ടപ്പോള്‍
തുടിപ്പായത് പീലിമനം
മാനം കാണാത്ത പീലി
താളം ചവിട്ടാത്ത പീലി
പ്രാണന്‍ വരയ്ക്കാത്ത പീലി
പീലിക്ക് ഒരൊറ്റക്കണ്ണ്
പീലിക്കണ്ണില്‍
ഒരു മുഖം.... ഇരുമുഖം....
മേഘമില്ലാത്ത മാനം
പീലിക്കൈ നീളുന്നു
പീലിക്കണ്ണു വിതുമ്പുന്നു
പീലിച്ചുണ്ടു പിളരുന്നു
ചുണ്ടില്‍ മധുരം നിറയുന്നു

മേഘം കാണാത്ത പീലി
ചാറ്റല്‍ നനയാത്ത പീലി
കാറ്റില്‍ തണുക്കാത്ത പീലി
മുത്തം മറക്കുന്ന പീലി
പീലിയ്ക്കു കണ്ണുണ്ട്.....
ഇപ്പോഴും....

(16.10.2010)

Saturday, October 16, 2010

ചിത്രം

0

ഞാന്‍ പിറന്നത്
ഒരു സുന്ദരന്റെ കൈകളിലാണ്

അവന്‍ തൊട്ടു
ചായത്തില്‍
അവന്റെ വിരല്‍ ,
നഖത്തിന്റെ വക്ക് ,
രണ്ടായിപ്പിളര്‍ന്ന
പ്ലാവിലത്തുമ്പ് ,
കടിച്ചുനാരുകളാക്കിയ
ഇളമാവിലത്തണ്ട് ,
ഓല വലിച്ച
പച്ചീര്‍ക്കില്‍...
ഒടുവില്‍
നാരകമുള്ളുകുത്തി
സ്വന്തം വിരല്‍ത്തുമ്പിലെ ചോര.....

സുന്ദരിയല്ലെങ്കിലും
പിറന്നപ്പോഴേ
ഞാന്‍ സുമംഗലിയായിരുന്നു...

(16.10.2010)

Saturday, October 9, 2010

സാഫല്യം

1


ആയിരം ശില്പങ്ങള്‍ ഞാനുടച്ചു
മോഹനമാമൊരു ശില്‍പം തീര്‍ക്കാന്‍
ആയിരം ജന്മങ്ങളെന്‍ കുടീരേ
എകാഗ്രമായ്‌ ഞാന്‍ തപസ്സിരുന്നു
കോടാനുകോടി സൂര്യോദയങ്ങള്‍
ആദിത്യമന്ത്രമായെന്നധരേ
കോടാനുകോടി നിശ്വാസങ്ങളെന്‍
ആവണിത്തിണ്ണയില്‍ പൂക്കളമായ്‌

രാവും പകലുമെന്‍ മാനസത്തിന്‍
ഗഹ്വരഭിത്തിയില്‍ നീ പിറന്നു
വിശ്രമമില്ലാത്തൊരെന്‍ കൈകളില്‍
ലാവണ്യധാമമായ്‌ നീയുണര്‍ന്നു
നീയെന്റെ പൂര്‍ണ്ണമാമേക ശില്‍പം
ഞാനിന്നു ധന്യനാം വിശ്വശില്പി
ആയിരം ജന്‍മങ്ങള്‍ തന്‍ സുകൃതം
രൂപിണിയാക്കിയോരേക ശില്പി

ആയിരം ശില്പങ്ങള്‍ ഞാനുടച്ചു
മോഹനമാമൊരു ശില്‍പം തീര്‍ക്കാന്‍
ശില്പി തന്‍ ജന്മം ശിഥിലമല്ല ,
ശ്രേഷ്ടമത്രേ ശിലാ ജന്മമെന്നും

(16.12.1991)

നീയാര്

0


നീയൊരു ഗാനമായിരുന്നെങ്കില്‍
എന്റെ വേണുവില്‍ നീയുറങ്ങുമായിരുന്നു
നീയൊരു ചിത്രമായിരുന്നെങ്കില്‍
ഒരിക്കലും മായാതെ
ഞാനതു കാത്തുവയ്ക്കുമായിരുന്നു
പക്ഷെ,
നീ രണ്ടക്ഷരമാണ്
നീ രണ്ടു കണ്ണുകളാണ്
നീ ഇരുവരി പല്ലുകളാണ്
സുന്ദരമായൊരു കൈത്തണ്ടാണ് നീ
പത്തുവിരലുകളാണ് നീ
നീ...

(08.10.1992)

മഴക്കാലമായ്‌....

0


മഴക്കാലമായെന്‍ കരള്‍ക്കൂട്ടിനുള്ളില്‍
കതിര്‍ കാത്തിരിപ്പൂ കിളിക്കുഞ്ഞുപൈതല്‍
കിനാത്തൂവലിന്‍ ചൂടകറ്റില്ല കുഞ്ഞിന്‍
തളിര്‍മേനി മേലേ തണുക്കും വിയോഗം
പറക്കാന്‍, പറന്നു കരക്കൂട്ടിലെത്താന്‍
മുളയ്ക്കാത്തതെന്തെന്‍ ചിറകിന്നു പിന്നില്‍

മഴക്കാറ്റടിപ്പൂ , മഴക്കോളു കൊള്‍വൂ ,
കനല്‍ക്കാടെരിഞ്ഞെന്‍ കരള്‍ക്കൂട്ടിനുള്ളില്‍
നിലയ്ക്കാന്‍ മടിക്കും മിഴിച്ചാലു മാത്രം ,
ചലിയ്ക്കാത്തതുള്ളില്‍ തുടിയ്ക്കുന്ന നീയും
മൊഴിക്കൂട്ടിനെത്താന്‍ , കളിക്കൂട്ടു കൂടാന്‍
വരിപ്പാട്ടു പാടാന്‍ കൊതിയ്ക്കുന്നു തോഴാ

ഇരുള്‍ക്കാര്‍പ്പുതപ്പില്‍ മയങ്ങാന്‍ നിനയ്ക്കെ
കരുത്തായുദിക്കുന്നരികത്തിതാ നീ
വിതുമ്പാന്‍ പിടയ്ക്കും ഇരുട്ടിന്റെ ചുണ്ടില്‍
മൊഴിത്തേന്‍കണങ്ങള്‍ പുരട്ടുന്നു മെല്ലെ
കരക്കൂട്ടിനുള്ളില്‍ ഒളിപ്പിച്ചിതെന്നില്‍
തരിച്ചൂടു മുദ്ര പതിയ്ക്കുന്നു പിന്നെ....

മുകില്‍ പൂത്ത നെഞ്ചില്‍ മുഖം പൂഴ്ത്തിയെന്നും
മയങ്ങുന്നു ഞാനെന്‍ കളിക്കൂട്ടുകാരാ
നമുക്കായ്ത്തുടിയ്ക്കും നടുക്കേകചിത്തം
നമുക്കായ്പ്പിറക്കും മഹാകാവ്യമൌനം
ഇളം പുല്‍ത്തലപ്പില്‍ തുടും നീര്‍പ്പളുങ്കായ്
ഉണര്‍ന്നെത്തിടും നീ മഴക്കാര്‍പ്പിറപ്പായ്‌

മഴക്കാലമാ,യെന്‍ മനത്താവളത്തില്‍
കുരുന്നോര്‍മ്മകള്‍ക്കും തിരക്കാലമായി
പിടയ്ക്കുന്നു നെഞ്ചില്‍ കിളിക്കുഞ്ഞു പൈതല്‍...
പതിപ്പൂ നീ തൂവല്‍പ്പുതപ്പായിതെന്നില്‍
നിലയ്ക്കാത്ത രാവിന്‍ കുളിര്‍ മച്ചകത്തില്‍
നിലാത്താരകങ്ങള്‍ നമുക്കിന്നു സാക്ഷി
*****************************************************************
തളിര്‍ച്ചുണ്ടിലോമല്‍ മിഴിക്കോണി,ലൊറ്റ
യ്ക്കിരിക്കുന്ന നേരം കടന്നെത്തിടും ഞാന്‍
മയങ്ങാന്‍ മടിക്കും നിശാര്‍ദ്ധങ്ങളില്‍ എന്‍
നിറച്ചൂടു പങ്കിട്ടുറക്കീടുമെന്നും
*****************************************************************

(25.04.1996)

തെളിയാത്ത വരകള്‍

0



ഞാനെഴുതുന്നത്
നിന്റെ സങ്കടങ്ങള്‍
ഞാന്‍ വരയ്ക്കുന്നത്
നിന്റെ കണ്ണുനീര്‍
വിരല്‍ മുറിയുമ്പോള്‍
നിന്റെ രക്തം
ഞാന്‍ പനിക്കുന്നത്
നിന്റെ ചൂട്

നിന്റെ വിയര്‍പ്പിന്
ചോരനിറം
കാലത്തിന്റെ കടിയേറ്റ്
കറുത്ത ചുണ്ടുകള്‍
കനലില്‍ ചവിട്ടി
വെടിച്ച പാദങ്ങള്‍

വിയര്‍പ്പില്‍ വിരല്‍ തൊട്ട്
നീ വരച്ചു  -
ചുവന്ന ചിത്രങ്ങള്‍.
നിന്റെ നിശ്വാസത്തില്‍
മണല്‍ക്കാറ്റു വരണ്ടു.
നീയുമ്മ വച്ച
പൂമൊട്ടു കരിഞ്ഞു.
നീ തൊട്ടുപോയ
പൂമ്പാറ്റ പിടഞ്ഞു.
നീ നടന്നു...

ഇപ്പോള്‍
നിന്റെ കണ്ണീര്‍ വരയ്ക്കുമ്പോള്‍
എന്റെ തൂലിക തെളിയുന്നില്ല
ഞാന്‍ വരയ്ക്കുന്നില്ല
വേറൊന്നും വരയ്ക്കാന്‍
എനിക്കറിയില്ല...

(08.10.2010)

നീ

2

നീ വന്നപ്പോള്‍
വെളുപ്പിന്  പൂക്കളുടെ മണം
മുല്ലപ്പൂക്കളുടെ ,
ചുവപ്പിന് ഹൃദയത്തിന്റെ ,
നീലയ്ക്ക് ആകാശത്തിന്റെ ,
കറുപ്പിന് രാത്രിയുടെ മണം

നീ പോയപ്പോള്‍
വെളുപ്പിന് മരണത്തിന്റെ ,
ചുവപ്പിന് രക്തത്തിന്റെ ,
നീലയ്ക്ക് വിഷത്തിന്റെ ,
കറുപ്പിന് നാല് മുഴം കയറിന്റെ...



(08.10.2010)