Thursday, March 3, 2011

ആകാശമില്ലാതെ

5


നീ മാത്രമിത്രമേലായത്തിലാടവേ
നീ മാത്രമാകാശസീമകടക്കവേ
നീളമില്ലാത്തൊരെന്നൂഞ്ഞാല്‍ച്ചരടുമായ് 
നീ പോയ കാറ്റൊലി കേട്ടുനില്‍ക്കുന്നു ഞാന്‍

കാരില മൂടിയ മാന്തോപ്പിനപ്പുറം
ഞാനിരുന്നാടീ തനിച്ചെന്റെയൂയലില്‍ 
മേഘത്തിനക്കരെ പോയ്‌മറഞ്ഞെങ്ങു നീ 
താരക്കുരുന്നുകള്‍ വാരിക്കളിക്കാനോ... 


നീ മേലെയില്ലാതെ, നീ കൂടെയെത്താതെ  
നീ മാത്രമായത്തിലാടിയൊരൂഞ്ഞാലും,
നീറിച്ചുവക്കും ഇരുള്‍ക്കൊമ്പില്‍ നിശ്ചലം,
നിന്‍ ഗന്ധവും എന്റെ പിന്‍വിളിത്തേങ്ങലും....



താഴേയ്ക്കു പോരുന്നൊരൂഞ്ഞാലിലിത്തിരി
വെണ്‍മേഘതുണ്ടങ്ങള്‍ പാറിപ്പറന്നുപോയ്‌...
ഞാനീ നിലാവില്‍ കരള്‍നട്ടിരിക്കുന്നു,
നീയായ്പ്പറക്കുന്നതെപ്പൊഴും കാണുവാന്‍


(03.03.2011) 

5 Response to ആകാശമില്ലാതെ

March 14, 2011 at 10:55 PM

തീർച്ചയായും ഇത് കവിതയാണ്. ഘടനയിലും ഭാവത്തിലും ദർശനത്തിലും. വിട്ടുപോകലിനെയും ഒറ്റപ്പെടലിനെയും കാത്തിരിപ്പിനെയും അനുഭവിപ്പിച്ചു. ബ്ലോഗിൽ അനുഭവിപ്പിക്കുന്ന കവിത വായിച്ചിട്ട് കുറച്ചായി. ഊഞ്ഞാൽ ആവർത്തനം ഇത്തിരി കൂടിയോ എന്ന് മാത്രം സംശയം.

March 22, 2011 at 1:42 PM

മനോഹരമായ കവിത.
ഈ മനസ്സ് കാത്തു വെക്കുക

നീ മാത്രമിത്രമേലായത്തിലാടവേ
നീ മാത്രമാകാശസീമകടക്കവേ
നീളമില്ലാത്തൊരെന്നൂഞ്ഞാല്‍ച്ചരടുമായ്
നീ പോയ കാറ്റൊലി കേട്ടുനില്‍ക്കുന്നു ഞാന്‍

ഗംഭീരം !!!

March 23, 2011 at 7:37 AM

മനോഹരം!

September 3, 2012 at 6:54 PM

Aaaaaahaa... Manoharam....
ishtamaayi....

September 11, 2012 at 8:17 PM

kurachu varikalil valiya sankadam..

Post a Comment