Monday, June 27, 2011

പ്ലിങ്ങസ്യ...

17


നാവുറയ്ക്കും മുന്‍പേ
അച്ഛനെന്നു വിളിക്കും മുന്‍പേ
കുഞ്ഞരിപ്പല്ലു കാട്ടി
ഇത്തിരിക്കുട്ടി പറഞ്ഞു,
" പ്ലിങ്ങസ്യ... "

കണ്ണുമിഴിച്ചു ഞാന്‍ നിന്നപ്പോള്‍
അവള്‍ ചിരിച്ചു...

രാവിലെ ഉണരുമ്പോള്‍
എന്‍റെ മീശയില്‍ പിടിച്ചും
രാത്രിയെന്റെ മുതുകത്ത്
ആന കളിക്കുമ്പോഴും
അവള്‍ പറഞ്ഞു,
" പ്ലിങ്ങസ്യ... "

ഇരുപതുലക്ഷവും ഇരുനൂറു പവനും
ഷെവര്‍ലെ കാറും റബ്ബര്‍ത്തോട്ടവും
കള്ളച്ചിരിയുമായി
അവള്‍ പടിയിറങ്ങിപ്പോയി

ജപ്തിനോട്ടീസുകള്‍ എണ്ണിയടുക്കുമ്പോള്‍
അവള്‍ പറഞ്ഞതിനര്‍ത്ഥം ഞാനറിഞ്ഞു,
" പ്ലിങ്ങസ്യ... "

 
(15..06..2011)

Thursday, June 23, 2011

നിരാസം

9

എന്‍റെ സ്നേഹത്തിനു ചൂടായിരുന്നില്ല, തണുപ്പായിരുന്നു.  തണുക്കുന്നെന്നു പരാതി പറഞ്ഞ് എന്‍റെ രാത്രിയുടെ വാതില്‍ വലിച്ചുതുറന്ന് നീയിറങ്ങി നടന്നത് കത്തുന്ന പകലിലേയ്ക്കായിരുന്നു.  തണലില്ലാത്ത നിന്‍റെ വഴികളില്‍ വേനല്‍ച്ചൂടില്‍ കരിഞ്ഞത് എന്‍റെ മനസ്സായിരുന്നു.

എന്‍റെയിരുളിലെ വിളര്‍ച്ചയേക്കാള്‍ നിന്‍റെ വെളിച്ചത്തിന്‍റെ വരള്‍ച്ചയെ നീ സ്നേഹിച്ചു.  കത്തുന്ന നെറ്റിയുമായി നീ തിരികെയെത്തുമെന്നും തണുത്ത വിരലുകള്‍ നീട്ടി നിന്നെ തൊട്ടുപൊള്ളിക്കണമെന്നും നനുക്കെ മുത്തണമെന്നും ഞാന്‍ കരുതി.  നീയില്ലാതിരുന്നതിനാല്‍, എരിഞ്ഞ വേനലും ചൊരിഞ്ഞ വര്‍ഷവും വരണ്ട ശിശിരവും ഞാനറിയാതെ പോയി.

ഇതെന്‍റെ മരണക്കിടക്ക...


ഒടുവില്‍ നീയെത്തുമ്പോള്‍ നിന്നെയും കാത്ത് ഒരു പേടകമുണ്ടാവും, അതില്‍ നിനക്കായ് -
കാറ്റില്‍ പറന്നുപോയ ഒരു തുണ്ടു സ്വപ്നം,
പിറക്കാതെ പോയ നമ്മുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് കണ്ടുവച്ച പേര്,
വാക്കിന്‍റെ ഗര്‍ഭത്തില്‍ അലസിപ്പോയ അര്‍ഥം,
നിന്നെയോര്‍ത്തു കരഞ്ഞ അവസാനത്തുള്ളി കണ്ണുനീര്‍ ഒപ്പിയെടുത്ത കൈലേസ്,
പിന്നെയൊരു ചെപ്പിനുള്ളില്‍,
എന്‍റെ കാലടിയില്‍ നിന്നൂര്‍ന്നുപോയ ഒരു പിടി മണ്ണ്....

ആ പേടകം പാഴ്ത്തടിയുടേതാവും, അതിലും ഇരുളും തണുപ്പുമുണ്ടാവും...

ഇഷ്ടമാവില്ലെങ്കിലും നിനക്കുനല്‍കാന്‍
എനിക്കതൊന്നു മാത്രം.

Monday, June 20, 2011

കുറും കുറിപ്പുകള്‍

8

ചില്ലക്ഷരങ്ങള്‍

ചില്ലക്ഷരങ്ങള്‍
ഇല്ലായിരുന്നെങ്കില്‍
അവനും
അവളും
അവരും,
ലിംഗവും വചനവുമില്ലാത്ത
വെറും 'അവ' മാത്രം.
 ++++++++++++


കളഞ്ഞുകിട്ടിയത്

നടക്കാനിറങ്ങിയപ്പോള്‍
വഴിയരികിലൊരു ജീവി...
അതെന്നോടു ചിരിച്ചു,
പഴയ പരിചയക്കാരനെപ്പോലെ.
സൂക്ഷിച്ചു നോക്കിയപ്പോള്‍
അതെന്‍റെ ഹൃദയമായിരുന്നു,
വര്‍ഷങ്ങള്‍ക്കു മുന്‍പേ
കണക്കു പറഞ്ഞും
വഴക്കുണ്ടാക്കിയും
നീ വാങ്ങിക്കൊണ്ടുപോയത്. 
   ++++++++++++ 


അസഭ്യം

കീബോര്‍ഡിലെ
മുകള്‍ വരിയില്‍
അക്കങ്ങള്‍ക്ക് മേലെ
ചിഹ്നങ്ങളില്ലെങ്കില്‍
സഭ്യമായി
അസഭ്യം പറയുന്നതെങ്ങനെ?
++++++++++++

(17..06..2011)

Friday, June 17, 2011

കണക്കുപുസ്തകം

13

കണക്കെഴുതി വയ്ക്കാന്‍
നീ പറഞ്ഞു,
എല്ലാ സ്നേഹവും

ഒരിക്കല്‍ തിരികെ തരാമെന്ന്.
ഓരോ തരിയും ഒന്നൊഴിയാതെ
ഞാന്‍ കുറിച്ചുവച്ചു.

കാലങ്ങള്‍ക്കപ്പുറം
കണക്കുതീര്‍ക്കാന്‍ നീയെത്തി;
എന്‍റെ കണക്കുപുസ്തകം
കളഞ്ഞുപോയിരുന്നു...!

തെക്കിനിമൂലയില്‍
വാരിക്കൂട്ടിയതിനിടയില്‍
അതുണ്ടോയെന്നു നോക്കാന്‍
നിന്നോട് ഞാന്‍ പറഞ്ഞു.

 
അറിയുന്നതപ്പോഴാണ്,
കിട്ടിയാലും വായിക്കാനാവാതെ
നിനക്കു വെള്ളെഴുത്ത് ബാധിച്ചെന്ന്,
എന്നെപ്പോലെ തന്നെ.

(12.06.2011)

Tuesday, June 14, 2011

ആദാമിന്‍റെ വേദനകള്‍

11

എന്‍റെ സങ്കടങ്ങള്‍ 
ഞാനാരോടു പറയാന്‍....

വേദനയില്ലാതെ
കരച്ചിലുകളില്ലാതെ
പൊക്കിള്‍ക്കൊടിയില്ലാതെ
പിറന്നവന്‍ ഞാന്‍

മുലകുടിക്കാതെ
താരാട്ടു കേള്‍ക്കാതെ
തൊട്ടിലിലുറങ്ങാതെ
പിച്ച നടക്കാതെ
പാല്‍പ്പല്ലു പൊഴിയാതെ
വളര്‍ന്നവന്‍ ഞാന്‍

അമ്മയും പെങ്ങളുമില്ലാതെ
അനുജനും ജ്യേഷ്ഠനുമില്ലാതെ
ബന്ധവും സ്വന്തവുമില്ലാത്ത
തന്തയില്ലാത്തവന്‍ ഞാന്‍

മകനായ് പിറക്കാതെ
അച്ഛനായവന്‍ ഞാന്‍
എന്‍റെ സങ്കടങ്ങള്‍
ഞാനാരോടു പറയാന്‍....?

(14..06..2011)

Saturday, June 11, 2011

സമ്മാനം

6

പ്രണയസ്മരണികയായ്
നിനക്കൊരു സമ്മാനം തരാന്‍
ഞാന്‍ കൊതിച്ചു.

ഏറെത്തിരഞ്ഞു,
ഒടുവില്‍
പതിറ്റാണ്ടുകളെഴുതി
നിബ്ബു തേഞ്ഞ
നിറം മങ്ങിയ
മഷി പടരുന്ന
എന്‍റെ പേന
ഞാന്‍ നിനക്കു തന്നു

അതിനുള്ളില്‍
ഞാന്‍ ചവച്ചിറക്കിയ സങ്കടങ്ങളും
കുടിച്ചു തീര്‍ത്ത വിഷാദങ്ങളും
കാണാന്‍ കൊതിച്ച
സ്വപ്നങ്ങളുമുണ്ടായിരുന്നു.

അതുകണ്ട് നീ ചിരിച്ചപ്പോള്‍
ഞാന്‍ കരഞ്ഞു,
അതിനേക്കാള്‍ വിലപ്പെട്ടതൊന്നും
എനിക്കുണ്ടായിരുന്നില്ല,
നിനക്കു തരാന്‍.

(പ്രചോദനം : പൗലോ
കൊയ്‌ലോയുടെ 'ഇലവന്‍ മിനിറ്റ്സ്')

(20..05..2011) 

 

Thursday, June 9, 2011

നരനാളികേരങ്ങള്‍

14

അഞ്ചില്‍ ഞാനൊരു വെള്ളയ്ക്ക;
 എറിയാന്‍ കൊള്ളാം,
പാടത്തും പറമ്പിലും,
കാക്കയ്ക്കും കുളത്തിലും.

പതിനഞ്ചു കടക്കുമ്പോള്‍
ഇളനീര്‍ കരിക്ക്;
നക്കിയും മുത്തിയും കുടിക്കാം,
നനുനനുന്നനെ നുണയാം.

നാളികേരപ്രായം നാല്‍പ്പതുവര്‍ഷം;
ഉടച്ചാല്‍ ചുറുചുറു,
കടിച്ചാല്‍ കറുമുറു.

കൊട്ടത്തേങ്ങയ്ക്കും

കൊപ്രയ്ക്കും വില
ആടുമ്പോള്‍ മാത്രം;
അരച്ചും പിഴിഞ്ഞും,
ചണ്ടിയായുണങ്ങിയും....

പിന്നെയുള്ളത്
ചിരട്ടയും തൊണ്ടും;
അതിനെയിനി
കയറിനു കൊള്ളാം,
തീയെരിക്കാനും.

(08..06..2011)

Tuesday, June 7, 2011

അളന്നുതൂക്കിയത്

11

പറ കൊണ്ടളന്നപ്പോള്‍
പകുതിയുണ്ടായിരുന്നു,
നാഴികൊണ്ടളന്നപ്പോള്‍
ഉരി വരെ നിറഞ്ഞു,
മുഴക്കോലെടുത്തപ്പോള്‍
അരമുഴം മാത്രം...

തൂക്കക്കട്ടി തേടി
ഞാനോടിനടന്നു,
എതുവച്ചാലും
ചരിയുന്ന ത്രാസ്

വലിച്ചെറിഞ്ഞ പറയും നാഴിയും
ത്രാസും ഭാരവും കൊണ്ട്
പിന്മുറ്റം നിറഞ്ഞു.

മടുപ്പറിഞ്ഞ ദിവസം
എന്‍റെ മനസ്സുവച്ച് തൂക്കി,
തൂക്കം കൃത്യം, കിറുകൃത്യം !

എന്നാല്‍
ഓട്ടത്തിനിടയില്‍
ഞാന്‍ മറന്നുപോയിരുന്നു,
അളന്നും തൂക്കിയും നോക്കിയത്
എന്‍റെ സ്നേഹമോ,
അതോ നിന്‍റെ സ്നേഹമോ?

(04..06..2011)

Sunday, June 5, 2011

ഏകബഹുവചനം

7

മരങ്ങള്‍, മത്സ്യങ്ങള്‍,
കീടങ്ങള്‍, പ്രാണികള്‍,
കല്ലുകള്‍, കാടുകള്‍,
മൃഗങ്ങള്‍, മനുഷ്യര്‍ ...
- ബഹുവചനങ്ങള്‍ക്കെല്ലാം
അക്ഷരങ്ങളേറെ.

ചോദ്യമിനിയൊന്ന്,
സംശയമൊന്ന്,
ഒരക്ഷരം മാത്രം -
ഏകവചനമോ,
ബഹുവചനമോ,
ഒറ്റയോ ഇരട്ടയോ,
ഒന്നോ പലതോ,
നീയോ ഞാനോ,
' നാം....? '

(04..06..2011)

Friday, June 3, 2011

അമ്പത്തിനാലാമതക്ഷരം

4

അതെ
ന്റേതായിരുന്നു,
എന്‍റെ സ്വന്തം.

ചൊല്ലിത്തന്നവര്‍,
നുള്ളിത്തന്നവര്‍,
തല്ലിത്തന്നവര്‍,
തള്ളിക്കളഞ്ഞോരക്ഷരം.

ചെല്ലപ്പേരായ്
നിന്നെ വിളിക്കാന്‍
ഞാനതു കാത്തുവച്ചു.

ലിപിയറിയാതെ
നിനക്കുള്ള കത്തുകളില്‍
ഞാനതെഴുതാതിരുന്നു

നീയടുത്തെത്തുമ്പോള്‍
കാതോരമോതുവാന്‍
അമ്പത്തിനാലാമതക്ഷരം
ഞാനോര്‍ത്തുവച്ചു.


കാത്തുകാത്തിന്നലെ
നീ വന്നിരുന്നപ്പോള്‍,
നീയൊന്നു തൊട്ടപ്പോള്‍,
അമ്പത്തിമൂന്നും മറന്നുപോയ്‌ ഞാന്‍...!

മിണ്ടാത്തതെന്തെന്നു
നീ കണ്‍ചിരിച്ചപ്പോള്‍
ഞാനൊന്നു ചൊല്ലുവാന്‍
നിന്നെ വിളിക്കുവാന്‍...
നാവു വരണ്ടതും
ശ്വാസം നിലച്ചതും...

ഏറെക്കഴിഞ്ഞപ്പോള്‍
നീ പോയ്‌മറഞ്ഞപ്പോള്‍
നീറിച്ചുവന്നൊരെന്‍
നിശ്വാസവായുവില്‍
കൂടിക്കലര്‍ന്നു പോയ്‌,
നിന്നെ വിളിക്കാതെ,
അമ്പത്തിനാലാമതക്ഷരം...

(26..05..2011)