Tuesday, June 18, 2013

പൂരിപ്പിക്കാതിരുന്നവ...

10


ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നു,
കുറ്റം ചെയ്യണമിനി...

അവളെ പ്രാപിക്കാന്‍ പോയപ്പോള്‍
വ്യാകരണം പിശകിയിരുന്നു,
വരി തെറ്റിച്ചെഴുതിയ ചിരിയില്‍
വിസര്‍ഗ്ഗം വിട്ടുപോയിരുന്നു

അവനെ ദ്രോഹിക്കാന്‍ ചെന്നപ്പോള്‍
സ്നേഹച്ചൂടില്‍ വെളുത്തിരുന്നു,
അവരെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍
ജയിച്ചതു ഞാനെന്ന ജയ്‌വിളി

കുറ്റം ചെയ്യാതിരുന്നാലും
ശിക്ഷ വിധിക്കപ്പെട്ടിരുന്നു...

വിറയ്ക്കാതിരുന്നു കൈവിരല്‍
വിധിവാക്യം കുറിക്കുമ്പോള്‍
നിറയാതിരുന്നു മിഴികളും
കയറെന്നെഴുതിച്ചേര്‍ക്കുമ്പോള്‍

തെറ്റെന്താണെന്നില്ലാതെ
എഴുതപ്പെട്ടൊരു വിധിവാക്യം
സാക്ഷീവാദികളില്ലാതെ
പ്രതിയാരെന്നൊരു സമവാക്യം

കുറ്റം ചെയ്യണമിനി...

നീതീകരണം കാണാതെ
പാഴായ്‌പ്പോവരുതാ വിധി,
മണ്ണായ്‌ത്തീരും നാള്‍ വരെ
നേരാവട്ടെ നിര്‍ണ്ണയം.
വയ്യെന്നുള്ളില്‍ തീരെയും
ചെയ്യാത്തെറ്റെന്ന സങ്കടം,
തേങ്ങാന്‍ പാടില്ലീ മനം
തട്ടിന്‍പലകകള്‍ താഴുമ്പോള്‍ ...

ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നു,
കുറ്റം ചെയ്യാന്‍ ഞാനിനി...

Wednesday, June 12, 2013

ആദി

10


ഉത്തരക്കടലാസില്‍
അക്ഷരം പിശകിയപ്പോള്‍
മാഷുവിളിച്ചു
'ആദിവാസീ...'

ആദ്യരാത്രികളില്‍
ആക്രാന്തം കണ്ട്
അവളും വിളിച്ചു
'ആദിവാസീ...'

ആദിസിരകളില്‍
കലര്‍പ്പില്ലാച്ചോര
ആദിക്കരളില്‍
കറുപ്പില്ലാസ്നേഹം
ആദിക്കുടികളില്‍
വിഷമില്ലാത്തന്നം...

ആദിവാസിയാവാന്‍
ഞാനും കൊതിച്ചപ്പോള്‍,
മണ്‍തറയും പുല്‍ക്കൂരയുമായ്
ഇനിയും പിറക്കാത്ത
എന്‍റെ വീടിനുപേര്‍ 'ആദി '

Wednesday, June 5, 2013

പറയാതെ പോയവള്‍

9


ഇന്നലെ
പാതിവെന്ത കവിതയില്‍ നിന്ന്
അവളിറങ്ങിവന്നു
"
ഉപ്പില്ല, മുളകില്ല..."
പതിവുപല്ലവി

"
മാറ്റിപ്പറഞ്ഞൂടെ,
ഒരിക്കലെങ്കിലും...?"
പുകയില്‍ ചുവന്നിരുന്ന
കണ്ണുകളില്‍ തട്ടി
തിരിച്ചുവന്നെന്‍ ചോദ്യം

രാവിലെയുണര്‍ന്നപ്പോള്‍
അടുക്കളയില്‍ തട്ടും മുട്ടും..
'
ചായാ...'ന്നു വിളിച്ചപ്പോള്‍
'
തേയിലയില്ലെ'ന്നു കേട്ടില്ല.

"
അവര്‍ പോയി സര്‍..."
പിന്നിലൊരു കിളിമൊഴി !
ചോദ്യചിഹ്നം പറന്നു,
"
നാലാംവരിയിലെ കാമുകനൊപ്പം..."

മരച്ചീനിക്കച്ചവടക്കാരന്‍ !
"
ഒരു നേരമെങ്കിലും പുഴുങ്ങാന്‍
ചീനി കൊടുക്കാമെന്നയാള്‍..."

നാലാംവരിയില്‍ നോക്കി,
അവനും പോയിരിക്കുന്നു...

"
നീ പിന്നെയാര്...?

"
പത്താംവരിയിലെ പെണ്‍കുട്ടി..
മഴയെ പ്രണയിക്കുന്ന,
കണ്ണുകളില്‍ കവിതയുള്ള..."

കയ്യിലെ ഗ്ലാസവള്‍
മേശപ്പുറത്തു വച്ചു,
"
മഴവെള്ളമാണ് സര്‍,
അങ്ങേയ്ക്കിതു മതിയാവും..."

(05..06..2013)