Wednesday, March 12, 2014

നെല്ലിപ്പലക

14
​​
നെല്ലിപ്പലകയ്ക്ക്
പലതാണ് ഭാവങ്ങള്‍

ഇരുണ്ടിരിക്കും ചിലപ്പോള്‍
കരിയടുപ്പിന്‍ മേലേ
പുകമറത്തട്ടുപോല്‍

ചതഞ്ഞിരിക്കും ചിലപ്പോള്‍
പിടിവിട്ടു പൊഴിയുന്ന
കശുമാമ്പഴങ്ങള്‍ പോല്‍

പിടഞ്ഞിരിക്കും ചിലപ്പോള്‍
പിന്‍വാങ്ങി മറയുന്ന
രാക്കിളിത്തേങ്ങല്‍ പോല്‍

വരണ്ടിരിക്കും ചിലപ്പോള്‍
ഉറിപോലെ മൂലയ്ക്ക്
ഉരിയാടാനാവാതെ

മുറിഞ്ഞിരിക്കും ചിലപ്പോള്‍
മിഴിനീര് വീഴ്ത്താതെ
മഴവിങ്ങിനില്‍ക്കുംപോല്‍

പ്രാണനില്ലെങ്കിലും
മരണമില്ലാത്തവര്‍,
ഭാവം തുടിക്കിലും
ജീവനില്ലാത്തവര്‍,
നെല്ലിപ്പലകകള്‍...

പലകയൊടിഞ്ഞാലും
പലക പൊടിഞ്ഞാലും
നെല്ലിയായിരുന്നല്ലോ...
ചൊല്‍വിളിയൊരുനാളും
പോയ്‌മറയില്ലല്ലോ...

10..03..2014

Friday, January 17, 2014

അടുപ്പുകല്ലുകള്‍

25

​​
ഒറ്റയ്ക്കിരിക്കുവാന്‍
കല്ലായ്‌പ്പിറന്നവര്‍
മൂന്നായിരിക്കിലും
ഒന്നായിരിപ്പവര്‍

ആറിപ്പറക്കുന്ന
ചാരം പൊതിഞ്ഞവര്‍
ഊതിപ്പുകയ്ക്കലില്‍
നീറിപ്പിടഞ്ഞവര്‍

താഴേയ്ക്കെരിച്ചിലും
മേലേ തിളയ്ക്കലും
തീക്കൊള്ളി കുത്തലും...
പാടേ വലഞ്ഞവര്‍

നോവിന്‍ കനല്‍ക്കട്ട
പേറിക്കിടക്കിലും
വാവിട്ടൊരൊട്ടും
വിളിച്ചുകൂവാത്തവര്‍

വേവൊക്കെയെത്തുകില്‍
വെള്ളം  കുടഞ്ഞിട്ടു
മൂലയ്ക്കലേയ്ക്കുള്ളൊ-
രേറില്‍ പൊടിഞ്ഞവര്‍

വേണ്ടുന്ന നേരത്ത്
വീണ്ടുമെടുക്കുവാന്‍
കാറ്റില്‍, വെയില്‍ച്ചൂടി-
ലോരത്തിരിപ്പവര്‍

മൂന്നായിരിക്കിലും
ഒന്നായിരുന്നവര്‍
ഒന്നിച്ചിരിക്കിലും
ഒറ്റയായ്‌പ്പോയവര്‍

(05..01..2013)