Wednesday, March 12, 2014

നെല്ലിപ്പലക

14
​​
നെല്ലിപ്പലകയ്ക്ക്
പലതാണ് ഭാവങ്ങള്‍

ഇരുണ്ടിരിക്കും ചിലപ്പോള്‍
കരിയടുപ്പിന്‍ മേലേ
പുകമറത്തട്ടുപോല്‍

ചതഞ്ഞിരിക്കും ചിലപ്പോള്‍
പിടിവിട്ടു പൊഴിയുന്ന
കശുമാമ്പഴങ്ങള്‍ പോല്‍

പിടഞ്ഞിരിക്കും ചിലപ്പോള്‍
പിന്‍വാങ്ങി മറയുന്ന
രാക്കിളിത്തേങ്ങല്‍ പോല്‍

വരണ്ടിരിക്കും ചിലപ്പോള്‍
ഉറിപോലെ മൂലയ്ക്ക്
ഉരിയാടാനാവാതെ

മുറിഞ്ഞിരിക്കും ചിലപ്പോള്‍
മിഴിനീര് വീഴ്ത്താതെ
മഴവിങ്ങിനില്‍ക്കുംപോല്‍

പ്രാണനില്ലെങ്കിലും
മരണമില്ലാത്തവര്‍,
ഭാവം തുടിക്കിലും
ജീവനില്ലാത്തവര്‍,
നെല്ലിപ്പലകകള്‍...

പലകയൊടിഞ്ഞാലും
പലക പൊടിഞ്ഞാലും
നെല്ലിയായിരുന്നല്ലോ...
ചൊല്‍വിളിയൊരുനാളും
പോയ്‌മറയില്ലല്ലോ...

10..03..2014