Sunday, April 10, 2011

എഴുത്താണിക്കുത്തുകള്‍

2


എഴുത്താണിപ്പുറത്തിരുന്ന് ചെമ്പോത്ത് ചിലച്ചു,
ചുണ്ടപ്പൂവിട്ട കണ്ണില്‍ കാമമോ ക്രോധമോ?

തൂലികയെക്കാള്‍ നല്ലതെഴുത്താണി;
തൊട്ടതു തീരുമ്പോള്‍ നിറം മാറ്റാനെളുപ്പം.
കത്തിയെക്കാളും നല്ലതെഴുത്താണി;
കുത്താനെടുത്താലും ആരുമതോര്‍ക്കില്ല.

പ്രണയം ചാലിച്ചാല്‍ 
ചുവന്ന മഷിയില്‍ കവിതകളെഴുതാം,
പകയില്‍ തൊടുവിച്ചാല്‍
ചുവപ്പുചോരയില്‍  ചിത്രം വരയ്ക്കാം.

അവളുടെ മേശപ്പുറത്തെ
എഴുത്താണി കുടഞ്ഞപ്പോള്‍
തെറിച്ചത്‌ കണ്ണീരും ചോരയും.

കിടക്കപ്പാതിയില്‍  അവള്‍ ചിലച്ചപ്പോള്‍
ഇരുട്ടുകൊളുത്തിട്ട് കാതടച്ചുവച്ചു.
എഴുതാനെടുത്തത് ചെത്തിക്കൂര്‍പ്പിച്ച്
മടിയില്‍ തിരുകി, അവനെ കുത്താന്‍.

എഴുത്താണി കൊത്തി ചെമ്പോത്ത് പറന്നപ്പോള്‍
എന്‍റെ കണ്ണിലും കാമവും ക്രൌര്യവും...

ഇരുണ്ടുവെളുത്തപ്പോള്‍ നനഞ്ഞിരുന്നു,
അവളുടെ തലയണ, എന്‍റെ കിടക്കയും.

(10.04.2011)

2 Response to എഴുത്താണിക്കുത്തുകള്‍

Anonymous
April 11, 2011 at 2:03 AM

എത്ര നന്നായി എഴുതുന്നു...തുടരുക..

October 11, 2012 at 2:17 AM

very good ezhuthu soni ji ;)

Post a Comment