Tuesday, July 12, 2011

ഹവ്വാവിലാപം

14

രക്തത്തിലല്ലാതെ
എല്ലില്‍ പിറന്നവള്‍
മാംസം ധരിക്കാതെ
മജ്ജയില്‍ തീര്‍ന്നവള്‍

നേരിന്‍റെ പേര്‍ചൊല്ലി
വഞ്ചിക്കപ്പെട്ടവള്‍,
പാമ്പിന്‍ പരസ്യത്തില്‍
മൂക്കറ്റു വീണവള്‍,
"പെണ്‍വാക്കുകേട്ടവന്‍
പെരുവഴി" ച്ചൊല്ലിന്‍റെ
കാര്യം മെനഞ്ഞവള്‍,
കാരണമായവള്‍

നാരുകള്‍ ചേര്‍ത്തിട്ട
പച്ചിലത്തുന്നലില്‍
ആദ്യമായ് നാണിച്ചു
വസ്ത്രം ധരിച്ചവള്‍,
ആദിമാതാവെന്നു
പേരിട്ടു നില്‍ക്കിലും
ആദി
പാപത്തിന്‍റെ
കുറ്റം ചുമന്നവള്‍.

രക്തബന്ധുക്കളായ്
മക്കളെ പെറ്റവള്‍,
സ്വന്തം പിതാവിനെ
വേള്‍ക്കേണ്ടിവന്നവള്‍ !

ചോദ്യം വരുന്നേരം
ചൂണ്ടിക്കൊടുക്കവെ,
അച്ഛനപ്പൂപ്പനായ്
അപ്പൂപ്പനച്ഛനായ്.......
ചൂണ്ടാണിത്തുമ്പിലും
ചോര പൊടിഞ്ഞവള്‍

ഒന്നൊന്നായങ്ങനെ
ചിന്തിച്ചിരിക്കില്‍
ഒരന്തമില്ലാത്തവള്‍.....

(04..07..2011)

14 Response to ഹവ്വാവിലാപം

July 12, 2011 at 9:08 AM

ആദാമിന്‍റെ വേദനകള്‍ ( http://pukayunnakolli.blogspot.com/2011/06/blog-post_14.html ) എഴുതിയപ്പോള്‍ ഹവ്വയുടെ സങ്കടങ്ങള്‍ എഴുതുന്നുണ്ടെന്നു പറഞ്ഞിരുന്നു. സ്വന്തം പിതാവിനെ, ജനയിതാവിനെ, ഭര്‍ത്താവാക്കേണ്ടി വന്ന ആ സങ്കടം ഇവിടെ...

July 12, 2011 at 12:59 PM

നല്ല കയ്യടക്കത്തോടെ എഴുതി. ആശയങ്ങളില്‍ പുതുമ ഇല്ലെങ്കിലും.
ഒന്നൊന്നായങ്ങനെ
ചിന്തിച്ചിരിക്കില്‍
ഒരന്തമില്ലാത്തവള്‍.....

ഈ വരികളില്‍ ആണ് സോണി ടച്ച് ഉള്ളത്.
ആശംസകള്‍

July 12, 2011 at 1:56 PM

ഇതൊക്കെ ഹവ്വയുടെ സങ്കടങ്ങള്‍ ആണോ..?

July 12, 2011 at 5:22 PM

പെണ്ണിന്റെ സങ്കടങ്ങളില്‍ കവിത വിരിയുന്നത് ഈ അടുത്തകാലത്ത് കൂടുതലായെന്നു തോന്നുന്നു.

July 12, 2011 at 9:32 PM

"ആദിമാതാവെന്നു
പേരിട്ടു നില്‍ക്കിലും
ആദിപാപത്തിന്‍റെ
കുറ്റം ചുമന്നവള്‍."

സോണി ഈ കവിത ഇഷ്ടായി....പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി..അതുകൊണ്ട് അഭിനദ്ധങ്ങള്‍.

July 13, 2011 at 12:51 PM

ചിന്തിച്ചാലൊട്ട് അന്തോല്ല്യാ.. ചിന്തിച്ചില്ലേലൊരു കുന്തോല്ല്യാ..

ഹവ്വ എന്തിനാ ഇങ്ങനെ വിലപിക്കണെ.. ഇതൊക്കെ ഒരു ക്രെഡിറ്റായെടുക്കാം.. അതാ ഏളുപ്പം.

ഇനീം വരാട്ടൊ.. :)

July 13, 2011 at 2:02 PM

സോണീ..
കവിത ഒത്തിരി ഇഷ്ടായി..

വെറുതെ
ഒന്നൊന്നായങ്ങനെ
ചിന്തിച്ചിരുന്ന്
ഒരന്തമില്ലാത്തവളാകേണ്ട..ട്ടോ..

കചടതപ യില്‍ വന്നതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി..
ഇനിയും വരില്ലേ..?

ആശംസകള്‍..

July 13, 2011 at 11:46 PM

കുറച്ചു ഭേതമാണ്...

July 14, 2011 at 9:15 AM

ഹവ്വ ആയാലും പാര്‍വതി ആയാലും പെണ്ണ് ആയുള്ള ജീവിതം എളുപ്പമല്ല.. ഒന്നും ചിന്തിക്കാതെ കഴിയുന്നതാണ് നല്ലതെന്ന് തോന്നും...

July 19, 2011 at 12:18 PM

നല്ല വരികള്‍ ... വൃത്തവും താളവും വിഷമമായതിനാല്‍ വളയമില്ലാതെ ചാടുന്നവരുറെ ഇക്കാലത്ത് ഇത് വരച്ചതിനും വിരിച്ചതിനും ആശംസകള്‍

July 19, 2011 at 11:14 PM

വരികളിലൊരു താളമുണ്ട്. അതുകൊണ്ട് ചൊല്ലിചൊല്ലിയിറങ്ങാന്‍ നല്ല സുഖം ;) ഇഷ്ടപെട്ടു

എന്നാലും ആ സ്ത്രീ അങ്ങനെയൊക്കെ ചിന്തിച്ചിരിക്യോ? വിലാപം എന്ന പ്രയോഗം ശരിയാകുമോ എന്നറിയില്ല. ആ.... കാലം പലവിധത്തിലും വ്യാഖ്യാനിക്കുന്നു. കൂട്ടത്തില്‍ ഇതും കിടക്കട്ടെ ഇങ്ങനെയൊക്കെ.

July 26, 2011 at 8:24 AM

ഒന്നൊന്നായങ്ങനെ ചിന്തിച്ചിരിക്കില്‍ ഒരന്തമില്ലാത്തവള്‍ ഹവ്വ..

July 30, 2011 at 10:58 PM

ഈ കവിത ഉഗ്രന്‍ ..ഈയിടെ വായിച്ചതില്‍ നിന്നുമൊക്കെ ഒരു വ്യത്യാസം ഉണ്ട് .ആശംസകള്‍ .പ്രാര്‍ത്ഥനയോടെ സൊണെറ്റ്

December 28, 2011 at 10:58 PM

നല്ല ഒന്നാന്തരം ഒരു കവിത .. വളരെ ഇഷ്ടമായി .. കവിതകള്‍ അധികം വായിക്കാറില്ല പക്ഷെ ഇത് പോലെ ഉള്ള കവിതകള്‍ ഇനിയും വായിക്കണം എന്ന് തോന്നുന്നു ... വല്ല ഭാവുകങ്ങളും നേരുന്നു ....

Post a Comment