Saturday, July 2, 2011

അസ്തിത്വം

16

ഞാന്‍ കാല്‍ നീട്ടിയപ്പോള്‍
നീയതു തൊട്ടു,
കൈ നീട്ടിയപ്പോള്‍
നീയതു പിടിച്ചു,
എനിക്കു തല ചായ്ക്കാന്‍
നീ ചുമല്‍ വിരിച്ചുതന്നു,
പിന്നെ ഞാന്‍ ഹൃദയം നീട്ടിയപ്പോള്‍
നീയതു വേണ്ടെന്നു പറഞ്ഞു,
അസ്തിത്വമില്ലാത്തവയെ
നിനക്കിഷ്ടമല്ലെന്ന്.

അസ്തിത്വമെന്നാലെന്തെന്ന്
എനിക്കറിയില്ലായിരുന്നു,
ഹൃദയത്തിന് മാത്രമെന്തേ
അസ്ഥിയില്ലാതെ പോയത്?

തിരികെ നടന്നപ്പോഴാണ്
ഞാനതോര്‍ത്തത്‌,
എന്‍റെ ചുണ്ടിനും നാവിനും
അസ്തിത്വമില്ലെന്ന്
ഒരിക്കലും നീ
പറഞ്ഞിരുന്നില്ലല്ലോ എന്ന്.

(10..06..2011)


16 Response to അസ്തിത്വം

July 2, 2011 at 1:52 PM

സോണി ,

അസ്ഥിത്വം ആണോ അസ്തിത്വം ആണോ? ശരിക്കും കന്‍ഫ്യൂഷന്‍ ആയി. ഒന്നൂടെ ഒന്ന് ചെക്ക്‌ ചെയ്യാമോ.

July 2, 2011 at 2:01 PM

അസ്ഥി വേറെ, അസ്തിത്വം വേറെ.
അസ്തിത്വം എന്നാല്‍ ആയിരിക്കുന്ന അവസ്ഥ, നിലനില്‍പ്പ്‌, സത്യാവസ്ഥ.
ഇവിടെ പറഞ്ഞിരിക്കുന്നതും ആ കണ്‍ഫ്യൂഷനെപ്പറ്റിത്തന്നെയാണ്. ഒരാള്‍ പറയുന്നതും, അയാളുടെ ഉള്ളിലിരിപ്പും, അത് കേള്‍ക്കുന്നയാള്‍ മനസ്സിലാക്കുന്നതും ശങ്കിക്കുന്നതും...

തൊട്ടറിയാന്‍ പറ്റാത്തതൊന്നും വിശ്വസിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി എഴുതിയ വരികള്‍...

July 2, 2011 at 2:20 PM

കന്‍ഫ്യൂഷന്‍ മാറ്റിയതിനു നന്ദി സോണി.

July 2, 2011 at 3:05 PM

ചുണ്ടിനും നാവിനും മാത്രമല്ല ഇപ്പോള്‍ ഒന്നിനും
അസ്തിത്വമില്ലെന്ന് തിരിച്ചറിയണം ....
കവിത ..കൊള്ളാം
ഒരു ബിഗ്‌ ഹായ് തന്നേക്കാം
സ്നേഹത്തോടെ പ്രദീപ്‌

July 2, 2011 at 3:23 PM

എന്‍റെ ചുണ്ടിനും നാവിനും
അസ്തിത്വമില്ലെന്ന്
ഒരിക്കലും നീ
പറഞ്ഞിരുന്നില്ലല്ലോ..

July 2, 2011 at 3:56 PM

മുളകിട്ട് വേവിച്ച കരളു കറിയിൽ മുക്കി അവൻ എന്റെ അധരങ്ങൾ ചവച്ചിറക്കി............ രാവിലെ! പൊരിച്ച മാർമാംസം കൂട്ടി തലച്ചോറുണ്ടതുച്ചക്ക്! രാത്രിയിലേക്കിനിയെന്തെന്ന് ചോദിച്ചപ്പോൾ മനസ്സിട്ടുവച്ചിരുന്ന പാത്രം കാണിച്ച് കൊടുത്തു. അവൻ ഇറങ്ങി നടന്നു കളഞ്ഞു.......പാത്രത്തിലൊന്നും കണ്ടില്ലത്രേ!

July 2, 2011 at 4:10 PM

എല്ലാവരും ക്ഷമിക്കുക. പ്രിവ്യൂ എന്നതിനു പകരം പോസ്റ്റ് കമന്റ് അറിയാതെ ക്ലിക്കിയപ്പോഴാണ് മേലെയുള്ള പരാക്രമം പബ്ലിഷായി പോയത്. കവിതയെന്തെന്നറിയാത്ത ഞാ‍ൻ ..................പറ്റിപ്പോയി . ക്ഷമിയോ ക്ഷമി. സോണിക്കെത്ര ഹൃദയമുണ്ട്?. രണ്ടീസം മുൻപേ ഒരാൾ അതെടുത്ത് പാതയോരത്ത് കളഞ്ഞതായി വായിച്ചു. അതു തന്നെയാണോ പുതിയ ചങ്ങായിക്ക് നീട്ടിയത്? അതിനിപ്പം അസ്ഥീംണ്ടാവില്ല അസ്തിത്വോംണ്ടാവില്ല. അതിന്റെ പരിപ്പിളക്കീട്ടുണ്ടാവുമോ എന്നറിഞ്ഞാൽ മതിയാർന്നു

July 2, 2011 at 8:31 PM

നോണ്‍ വെജ് കഴിക്കുന്ന പലര്‍ക്കും കരള്‍ ഇഷ്ടമല്ല പിന്നല്ലേ ഹൃദയം .........
@വിധു ചോപ്ര :അല്ല മാഷേ നിങ്ങള്ക്ക് തലയുടെ ഏതു ഭാഗത്താ അടി കിട്ടിയത് കവിതയോക്കെയാണല്ലോ വരുന്നത്?
എന്തായാലും ചികിത്സിക്കേണ്ട കേട്ടോ.......

July 2, 2011 at 10:12 PM

അസ്ഥികളാൽ മൂടിയ ഹൃദയം പറഞ്ഞ അസ്തിത്വ കടംകഥ...

July 3, 2011 at 11:00 AM

അല്ലെങ്കിലും ഹൃദയമില്ലാത്ത ഈ ലോകം നാം വച്ചു നീട്ടുന്നതിലും ഉപരിപ്ലവമെന്ന് നിനക്കുന്നു.അസ്തിത്വ ദു:ഖം ' അസ്ഥികള്‍'ഇല്ലാത്തതിലല്ല.നട്ടെല്ലില്ലായ്മയിലാണ്...
ആശംസകള്‍ ......

July 3, 2011 at 4:15 PM

അസ്തിത്വമെന്നാലെന്തെന്ന്
എനിക്കറിയില്ലായിരുന്നു,
എനിക്കും ഇപ്പോള്‍ മനസ്സിലായി ...കൊള്ളാം ,പിന്നെയും സംശയം ബാക്കി...?

July 4, 2011 at 1:34 AM

കവിത എനിക്കിഷ്ടമായില്ല.....വേണമെങ്കില്‍ നന്നാക്കാമായിരുന്നു....കഴിഞ്ഞ കവിതയും ഇപ്പോള്‍ എഴുതുന്ന കവിതകള്‍ക്കും ഒരേ മൂഡാണ്......പുതുമകള്‍ തേടിക്കൂടേ....ഈ ബോറടി മാറ്റാമായിരുന്നു....

July 5, 2011 at 12:30 AM

കവിതയിലെ ആ ആശയം ഇല്ലേ. അത് മനസ്സിലാക്കാന്‍ പറ്റണുണ്ട്. എന്താണ് ഉദ്ദേശിക്കുന്നതെന്ന്. അതുകൊണ്ട് ഇഷ്ടപെട്ടെന്ന് പറയും.

ദുബായ്ക്കാരന് കൊടുത്ത മറുപടിയും അവസാനഭാഗവും എല്ലാം ഒത്ത് വരുന്നുണ്ടോ?

July 5, 2011 at 7:41 PM

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.

@ വിധു ചോപ്ര : എന്റെ വരികളെക്കാള്‍ കൊള്ളാം, നിങ്ങള്‍ എഴുതിയത്. ശരിക്കും ഇഷ്ടമായി. അതപ്പോള്‍ പബ്ലിഷ് ചെയ്യാന്‍ വേണ്ടി എഴുതിയതായിരുന്നില്ലേ? അബദ്ധം ആയെങ്കില്‍, പറ്റിയത് നന്നായി.

@ mohammedkutty irimbiliyam : അസ്തിത്വ ദുഖത്തെപ്പറ്റി പറയുന്നവരൊക്കെ നട്ടെല്ല് ഇല്ലാത്തവരാണോ?

@ സന്ദീപ്‌ : മൂഡ്‌ അല്പം ഒന്നുമാറ്റി പുതിയത് കൊടുത്തിട്ടുണ്ട്.

@ ചെറുത്‌ : തീര്‍ച്ചയായും, ഒന്നൂടെ ഒന്ന് വായിച്ചുനോക്കിയേ... അര്‍ഥം വച്ച്.

September 13, 2011 at 4:53 PM

നാക്കിന് അസ്ഥീ ല്ലാത്തത് കാര്യായി..!!
അല്ലേക്കാണാര്‍ന്നു..ഈഅസ്ഥിത്വോക്കെ..!

September 11, 2012 at 1:46 PM

പിന്നെ ഞാന്‍ ഹൃദയം നീട്ടിയപ്പോള്‍
നീയതു വേണ്ടെന്നു പറഞ്ഞു,
അസ്തിത്വമില്ലാത്തവയെ
നിനക്കിഷ്ടമല്ലെന്ന്... വളരെ മനോഹരമായി ഓരോ വരികളും... ആശംസകൾ തരാനും ഭാഗ്യം വേണം...

Post a Comment